തിരുവാണിയൂരിന്റെ ചരിത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ പഞ്ചായത്തു പ്രദേശത്തെ തൊണ്ണൂറു ശതമാനം ഭൂപ്രദേശങ്ങളും വിവിധ ദേവസ്വങ്ങളുടെയും ജന്മിമാരുടെയും ഉടമസ്ഥതയില്‍ ആയിരുന്നു. ആ കാലത്ത് ഈ നാട്ടിലെ ഭൂവുടമകളായ ദേവസ്വങ്ങള്‍ തിരുവാണിയൂര്‍ ദേവസ്വം, ചെമ്മനാട് ദേവസ്വം, മോനിപ്പിളളി ദേവസ്വം, മുരിയമംഗലം ദേവസ്വം, പുറപ്പേരിമന, കിഴക്കുംഭാഗത്തു മന, തുരുത്തിക്കാലമന, മതുരക്കാട്ടുമന, കോക്കരമന മുതലായ ജന്മികളുടെതായിരുന്നു. ഇവിടം ജൈനരുടെ കേന്ദ്രമായിരുന്നു. അവരെ ഓടിച്ച് ബ്രാഹ്മണ മേധാവികള്‍ ജൈനക്ഷേത്രത്തെ ശിവക്ഷേത്രമാക്കി ആരാധന നടത്തി എന്ന് പറയപ്പെടുന്നു. ജൈനരുടെ ദേവസങ്കല്പമാണ് മാണിക്കന്‍. അപ്രകാരം മാണിക്കന്റെ ഊര്‍ മാണിയൂരായി. ബഹുമാനസൂചകമായി മാണിയൂര്‍ തിരുമാണിയൂരും കാലക്രമേണ മകാരം വകാരത്തിനു വഴിമാറി. അങ്ങനെ തിരുമാണിയൂര്‍, തിരുവാണിയൂരായി. മൂവാറ്റുപുഴ താലൂക്കിനു പടിഞ്ഞാറും കണയന്നൂര്‍ താലൂക്കിനു കിഴക്കും കിടക്കുന്ന കുന്നത്തുനാടു താലൂക്കില്‍ പെട്ട തിരുവാണിയൂരില്‍ പ്രസിദ്ധമായ ഒരു ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും ക്രിസ്ത്യന്‍ ദേവാലയങ്ങളും ആരാധനാലയങ്ങളായി തല ഉയര്‍ത്തിനില്‍ക്കുന്നു. ഇവിടെ ആരാധനാലയങ്ങളുടെ ഒരു നീണ്ടനിര തന്നെയാണുള്ളത്. ഹൈന്ദവ ദേവാലയങ്ങളില്‍ എന്തുകൊണ്ടും മുന്‍പന്തിയില്‍ നിലനില്‍ക്കുന്ന ഒരുക്ഷേത്രമാണ് തിരുവാണിയൂര്‍ മഹാദേവക്ഷേത്രം. കന്ന്യാട്ടുനിരപ്പ് സെന്റ്ജോണ്‍സ് പള്ളി വളരെ പ്രസിദ്ധമായ ഒരു ക്രൈസ്തവാരാധനാലയമാണ്. പുത്തന്‍കുരിശ് വില്ലേജ് യൂണിയനില്‍ നിന്നും വേര്‍പെട്ട് 1952-ല്‍ ഈ പഞ്ചായത്ത് പ്രവര്‍ത്തനം ആരംഭിച്ചു. തികച്ചും കാര്‍ഷികമേഖലയായ തിരുവാണിയൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വങ്ങളിലും മനകളിലും ഒതുങ്ങിനിന്നു. വെറുമ്പാട്ടം, കുത്തകപ്പാട്ടം, കാണം, വാക്കാന്‍, പാട്ടം, വാരം തുടങ്ങിയ വ്യവസ്ഥകള്‍ക്കു വിധേയമായി കുടിയാന്മാര്‍ കൃഷിചെയ്തുകൊണ്ടിരുന്നു. ക്ഷേത്രപ്രവേശനവിളംബരം വരയുള്ള കാലങ്ങളില്‍ അയിത്തം ഇവിടെയും ഒരു പ്രശ്നമായിരുന്നു. പുരാതനകാലത്ത് നിലത്തെഴുത്ത്, ഓലയിലെഴുത്ത് എന്നിവയായിരുന്നു അക്ഷരാഭ്യാസനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍. മുഖ്യമായും ആശാന്‍ കളരികളായിരുന്നു അഭ്യസനകേന്ദ്രങ്ങള്‍. മനകളും അവയോടുചേന്നുള്ള ജന്മികുടുംബങ്ങളും തങ്ങളുടെ കുട്ടികളെ അവരവരുടെ ഭവനങ്ങളില്‍ തന്നെ ഇരുത്തി പഠിപ്പിച്ചിരുന്നു. അദ്ധ്യാപകര്‍ ജന്മിഗൃഹങ്ങളിലെത്തി പഠിപ്പിക്കുകയായിരുന്നു പതിവ്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ ആവിര്‍ഭവിച്ചു. കുടുംബങ്ങള്‍ ഒത്തൊരുമിച്ച് നെടുമ്പുരകള്‍ കെട്ടി തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ ആരംഭിച്ചു. ജന്മികുടുംബത്തില്‍ നിന്നും അദ്ധ്യാപകന് താമസസൌകര്യവും ഭക്ഷണവും നല്‍കിയിരുന്നു. കുട്ടികള്‍ അദ്ധ്യാപകനെ എല്ലാക്കാര്യങ്ങളിലും സഹായിച്ചുപോന്നു. പ്രാഥമിക വിദ്യാഭ്യാസം മണലില്‍ എഴുതിയായിരുന്നു. പിന്നീട് ഓലയിലും എഴുതിക്കുന്നു. പദ്യപാഠങ്ങളായിരുന്നു അധികവും. അവ മനഃപാഠമാക്കിയിരുന്നു. ഈ പഠന സമ്പ്രദായത്തില്‍ അദ്ധ്യാപകന്റെ അറിവാണ് പ്രധാനം. 18-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ ഈ കുടിപ്പള്ളിക്കൂടങ്ങള്‍ പലതും ബഥനി മിഷനറിമാര്‍ ഏറ്റെടുത്ത് നവീകരിച്ചു. അതിന് ആ പ്രദേശത്തെ ആളുകള്‍ സഹകരിച്ചിരുന്നു.